പയ്യന്നൂര്‍: പെരുമ്പയില്‍ നിയന്ത്രണംവിട്ട കാര്‍ റോഡരികിലൂടെ നടന്നുപോകുകയായിരുന്ന വിദ്യാർഥികളെ ഇടിച്ചതിനെതുടര്‍ന്ന് ഒരാള്‍ മരിച്ചു. കൂടെയുണ്ടായിരുന്ന വിദ്യാർഥിക്കും സ്കൂട്ടര്‍ യാത്രികനും പരിക്കേറ്റു. മയ്യില്‍ നിരത്തുംപാലം സ്വദേശി ഷാഹിദ് (21) ആണ് മരിച്ചത്. തിരുവട്ടൂര്‍ സ്വദേശി ഷിബില്‍ (21) ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.
ഇരുവരും കൊല്ലത്തെ വാദിസിയ കോളജിലെ വിദ്യാര്‍ഥികളാണ്. ചൊവ്വാഴ്ച പുലർച്ചെ രണ്ടോടെയായിരുന്നു അപകടം. നബിദിന അവധിയോടനുബന്ധിച്ച് കൊല്ലത്തുനിന്ന് ട്രെയിനില്‍ യാത്ര തിരിച്ച ഇവര്‍ പുലർച്ചെ ഒന്നരയോടെ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തുകയും അവിടെനിന്ന് മറ്റൊരു കാറില്‍ പയ്യന്നൂര്‍ ടൗണില്‍ ഇറങ്ങി പെരുമ്പയിലേക്ക് നടന്നുപോകുന്നതിനിടെ പെട്രോള്‍പമ്പിന് സമീപത്തുനിന്ന് കാറിടിക്കുകയായിരുന്നു.
പയ്യന്നൂര്‍ ടൗണ്‍ ഭാഗത്തുനിന്ന് എത്തിയ ചുവന്ന സ്വിഫ്റ്റ് കാര്‍ ഇവരെ ഇടിച്ചുതെറിപ്പിച്ചശേഷം സ്കൂട്ടറിലുമിടിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലും പിന്നീട് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലുമെത്തിച്ചെങ്കിലും അപ്പോഴേക്കും ഷാഹിദ് മരിച്ചു.അപകടത്തിനുശേഷം നിര്‍ത്താതെ പോയ കാര്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്ത പയ്യന്നൂര്‍ പൊലിസ് പിന്നീട് കാര്‍ കസ്റ്റഡിയിലെടുത്തു. മയ്യിലിലെ മുഹമ്മദ് കുഞ്ഞി മൗലവി- സെക്കീന ദന്പതികളുടെ മകനാണ് മരിച്ച ഷാഹിദ്. സഹോദരി: ഫാത്തിമ.